കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്നിപര്‍വതമുഖങ്ങളാണ് കാക്കനാടന് കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന് പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം