ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.
Book By P Valsala , കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ കഥകളില്‍ വിരിഞ്ഞു നില്ക്കുന്നു. അവിടെ കാട്ടുപന്നികളെ ഉറക്കമിളച്ചിരുന്ന് പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞുയര്‍ന്ന ഒരു മെലിഞ്ഞ പിച്ചക പൂപോലെ. ഈ കഥകളിലെ വാങ്മയചിത്രങ്ങള്‍ ഭാഷാസാഹിത്യത്തിലെ തിളക്കങ്ങളാണ്. എന്നാല്‍ കാടിന്റെ പ്രശാന്തത തല്ലിയുടയ്ക്കപ്പെടുകയാണ്. താഴ്വരകളും കുന്നുകളുമെല്ലാം മാറുകയാണ്. ചതഞ്ഞരഞ്ഞ ലോറിചക്രങ്ങളുടെ ശബ്ദം. കരിമ്പണവുമായി അവരെത്തുന്നു. താഴ്വരകളില്‍ റിസോര്‍ട്ടുകള്‍ നിറയുന്നു. കാട്ടുചോലകളില്‍ നിന്ന് വെള്ളം ഊറ്റുന്നു. മൊട്ടകളായി മാറുന്ന കുന്നുകള്‍. ഒപ്പം സ്ത്രീജീവിതത്തിന്റെ വല്ലായ്മകളും ഒറ്റപ്പെടലും കുറിച്ചിടാന്‍ അവര്‍ മറക്കുന്നില്ല.