Sale!

ഹാജി മുറാദ്‌

Original price was: ₹75.00.Current price is: ₹60.00.

Category:
Compare

ലോകപ്രശസ്ത റഷ്യന്‍ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് സമ്പന്നമായ ഒരു പ്രഭുകുടുംബത്തില്‍, യാസ്‌നായ പോള്യാനയില്‍, 1828-ല്‍ ജനിച്ചു. നിയമവും ഭാഷാശാസ്ത്രവും മറ്റും പഠിക്കാന്‍ ഉദ്യമിച്ചുവെങ്കിലും വിദ്യാഭ്യാസത്തില്‍ ഉപേക്ഷ കാണിക്കുകയും സുഖലോലുപമായ ജീവിതം നയിക്കുകയും ചെയ്തുകൊണ്ടാണ് കൗമാരം പിന്നിട്ടത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍, മറ്റു പ്രഭുകുടുംബങ്ങളിലെ യുവാക്കന്മാരെപ്പോലെ, പട്ടാളത്തില്‍ ചേര്‍ന്നു. സൈനികസേവനത്തില്‍ ചീട്ടുകളിയും മദ്യപാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹയാത്രികര്‍. ഏതാണ്ട് ഇക്കാലത്തുതന്നെയാണ് (1851) ടോള്‍സ്റ്റോയിയുടെ സാഹിത്യജീവിതവും ആരംഭിക്കുന്നത്. ആത്മകഥാപരമായ മൂന്നു പുസ്തകങ്ങളിലൂടെയായിരുന്നു തുടക്കം. ചൈല്‍ഡ്ഹുഡ് (1852), ബോയ്ഹുഡ് (1854), യൂത്ത് (1857) എന്നിവയാണവ. 1857 മുതല്‍ 1860 വരെയുള്ള കാലത്ത് ടോള്‍സ്റ്റോയ് യൂറോപ്പു മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ഇത് അദ്ദേഹത്തിന്റെ വീക്ഷണഗതിയെ കാര്യമായി സ്വാധീനിച്ചു. 34-ാമത്തെ വയസ്സില്‍ ടോള്‍സ്റ്റോയ് മോസ്‌കോയിലെ ഒരു പ്രസിദ്ധ ഡോക്ടറുടെ മകളായ പതിനേഴു വയസ്സുകാരി സോഫിയ ആന്‍ഡ്രീവ്‌നയെ വിവാഹം കഴിച്ചു. യാസ്‌നായ പോള്യാനയില്‍ സ്ഥിരതാമസമാക്കിയ ടോള്‍സ്റ്റോയ് 1863-ല്‍ കൊസാക്കുകള്‍ എന്ന സുന്ദരമായ പ്രേമകഥ രചിച്ചു. അതിനുശേഷം തന്റെ പ്രശസ്ത നോവലായ യുദ്ധവും സമാധാനവും (1865-69) എഴുതി. തുടര്‍ന്ന് അന്നാ കരേനീന പുറത്തുവന്നു (1877). അമ്പതാമത്തെ വയസ്സിനോടടുപ്പിച്ച് ടോള്‍സ്റ്റോയിയുടെ ജീവിതവീക്ഷണത്തില്‍ അഗാധമായ പരിവര്‍ത്തനം വന്നുചേര്‍ന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ അദ്ദേഹം വെറുത്തു. അഹിംസാവാദത്തില്‍ ആകൃഷ്ടനായി. അതിന്റെ ഫലമാണ് ദ് കിംഗ്ഡം ഓഫ് ഗോഡ് ഈസ് വിതിന്‍ യു എന്ന കൃതി (1893). മഹാത്മാഗാന്ധിയെ അഹിംസാസിദ്ധാന്തക്കാരനാക്കിയത് ഇതിന്റെ സ്വാധീനമാണ്. ടോള്‍സ്റ്റോയിയുടെ പില്ക്കാല കൃതികളില്‍ ദ് റിസറക്ഷന്‍ (1899) ആണ് വലിയ നോവല്‍. പിന്നീട് അദ്ദേഹം ചെറുനോവലുകളും നീതികഥകളും നാടകങ്ങളും പഠനങ്ങളുമേ എഴുതിയിട്ടുള്ളു. ഇവാന്‍ ഇല്യച്ചിന്റെ മരണം, ക്രൂറ്റ്‌സര്‍ സോണാറ്റാ, ഹാജി മുറാദ്, വാട്ട് ഈസ് ആര്‍ട്ട് തുടങ്ങിയവയാണ് ഈ കാലത്തെ ചില പ്രധാന കൃതികള്‍. അവസാനകാലമാകുമ്പോഴേക്കും ടോള്‍സ്റ്റോയിയുടെ ജീവിതം വളരെ സ്‌തോഭജനകമായിത്തീര്‍ന്നിരുന്നു. സര്‍ ചക്രവര്‍ത്തിയുടെ ഗവണ്‍മെന്റും ക്രൈസ്തവസഭയും അദ്ദേഹത്തിനെതിരായി. പള്ളിയില്‍നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. മിത്രങ്ങളെന്നു നടിച്ചിരുന്ന ചില ശത്രുക്കള്‍ ടോള്‍സ്റ്റോയിയെ വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നകറ്റാന്‍ പണിപ്പെട്ടുവരികയായിരുന്നു. ഒടുവില്‍ അതിലവര്‍ വിജയിച്ചു. അങ്ങനെ 1910-ല്‍ ടോള്‍സ്റ്റോയ് യാസ്‌നായ പോള്യാന വിട്ടിറങ്ങി. തികച്ചും അനാരോഗ്യവാനായിരുന്നു അദ്ദേഹം. എങ്ങോട്ടോ പോകുവാന്‍ അസ്റ്റാപോവ എന്ന റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്ദേഹം അവിടെക്കിടന്നു മരിച്ചു.

Publishers

Shopping Cart
Scroll to Top