ആരുടെ
കേരളം?
ചരിത്രവിജ്ഞാനീയചിന്തകള്‍
ദിനേശന്‍ വടക്കിനിയില്‍
ആരുടെ കേരളം എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ പുസ്തകം കേരളത്തിന്റെ യഥാര്‍ത്ഥ ഉടമയെ/അവകാശിയെ തേടിയുള്ള ചരിത്രാന്വേഷണമല്ല. മറിച്ച്, ഇതുവരെയുണ്ടായ കേരള ചരിത്രരചനകള്‍ അവലംബിച്ച സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും അതില്‍ അന്തര്‍ലീനമായ മുന്‍വിധികളാലും സങ്കല്പങ്ങളാലും ചട്ടക്കൂടിനാലും ചരിത്രത്തില്‍നിന്നും ഒഴിവാക്കിയതാരെയൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ എന്ന അന്വേഷണമാണ്. അതുകൊണ്ട്, ഈ പുസ്തകം ചരിത്രവിജ്ഞാനീയം എന്തിനു ശ്രദ്ധാവിഷയമാക്കണമെന്നു പറയാന്‍ ശ്രമിക്കുന്ന ഒരു ഉദ്യമമായി കണക്കാക്കാം. ചരിത്രം എന്ന ജ്ഞാനരൂപത്തിന്റെ സ്വീകാര്യതയെപ്പറ്റി കഴിഞ്ഞ ഒന്നു-രണ്ടു പതിറ്റാണ്ടുകളായി ഉയര്‍ന്നുവന്ന സംശയങ്ങളും അതിനു ചില ചരിത്രകാരന്മാര്‍ നല്‍കിയ മറുപടികളുമാണ് അത്തരത്തിലൊരു ഉദ്യമത്തിനു മുതിരാനുണ്ടായ സന്ദര്‍ഭം. ചരിത്രജ്ഞാനം ഏവര്‍ക്കും സ്വീകാര്യമായ ഭൂതകാല യാഥാര്‍ത്ഥ്യത്തെ അതേപടി കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വിദ്യയല്ലെങ്കിലും രീതിശാസ്ത്ര ദൃഢതയാലുണ്ടാക്കപ്പെടുന്നതുകൊണ്ടും സൈദ്ധാന്തിക പിന്‍ബലത്തില്‍ പൊതുനിയമങ്ങള്‍ കണ്ടെത്താന്‍കഴിയുന്നവയായതുകൊണ്ടും അത് സ്വീകാര്യമായതും വസ്തുനിഷ്ഠമായതുമായ ജ്ഞാനരൂപമായി നിലനില്‍ക്കുമെന്ന് വാദിക്കപ്പെട്ടു. അങ്ങനെ വരുമ്പോള്‍ ചരിത്രജ്ഞാനത്തേക്കാള്‍, ഒരുതരത്തില്‍ ഉപരിപഠനമെന്നു തോന്നിക്കുന്ന, ചരിത്രവിജ്ഞാനീയമെന്ന വിഷയത്തെ പ്രശ്നവത്കരിക്കേണ്ടി വരുമെന്ന തോന്നലുണ്ടായി. ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ഉറവെടുക്കുന്നത് ആ തോന്നലില്‍നിന്നാണ്. എന്നുവെച്ച് നാളിതുവരെയുണ്ടായ കേരളചരിത്രരചനകളെല്ലാം അര്‍ത്ഥശൂന്യമാണെന്നും പാടേ തള്ളിക്കളയേണ്ടതാണെന്നും വാദിക്കുന്ന ഒരു ഗ്രന്ഥമല്ല ഇത്. അവയില്‍ പലതും ചില കാഴ്ചകള്‍ തന്നിട്ടുണ്ട്. ചില കാഴ്ചപ്പാടുകള്‍ പുതുതായുണ്ടാക്കുന്നതിന് പരോക്ഷപ്രേരണയായി വര്‍ത്തിച്ചിട്ടുണ്ട്. ചില ചരിത്രകാരന്മാര്‍ തങ്ങളുടെ സൈദ്ധാന്തികകാഴ്ചപ്പാട് കാലത്തിന്റെ മാറ്റത്തിനനുസരിച്ചു പുതുക്കിപ്പണിതുകൊണ്ട് ആലോചനകള്‍ക്കു മൂര്‍ച്ച കൂട്ടുകയും നാളതുവരെ ചരിത്രത്തില്‍ ഇടം കിട്ടാത്ത ഘടകങ്ങള്‍ക്ക് ഇടം നല്‍കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍, കാലികമായി ചരിത്രകാരന്മാര്‍ തങ്ങളുടെ രീതിശാസ്ത്രവും സൈദ്ധാന്തിക ചട്ടക്കൂടും മാറ്റിക്കൊണ്ടിരിക്കുമ്പോഴും ചിലകാഴ്ചപ്പാടുകള്‍/ധാരണകള്‍ അവിഘ്നം തുടരുന്നതു കാണാം. ഈ തുടര്‍ച്ചകളാണ് ചില പ്രതീതികളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതും ചരിത്രരചനയുടെ ആന്തരികപ്രശ്നങ്ങള്‍ക്കു നിമിത്തമാവുന്നതും. ഇത്തരം പൂര്‍വധാരണകള്‍ എന്തൊക്കെയാണെന്നും ഇവ ചരിത്രകാരന്മാരുടെ ആലോചനയെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നും ചര്‍ച്ചചെയ്യുന്നതിനുള്ള ഒരു ചെറിയ പരിശ്രമമാണ് ഇവിടെ നടത്തുന്നത്.
Original price was: ₹250.00.₹225.00Current price is: ₹225.00.