ആലോചിച്ചു നോക്കൂ ഇതുവരെ കേട്ട് പരിചയം മാത്രമുള്ള ഒരു നാട്ടിൽ ഭാഷ പോലും അറിയാതെ ഒരാൾ ഒറ്റക്ക് യാത്ര ചെയ്യുന്നത്. എത്ര ദുർഘടം പിടിച്ച അവസ്ഥയാണത്..!
ആ അനുഭവങ്ങളെ, ചട്ടിയിൽ നിന്ന് ചൂടോടെ പ്ലേറ്റിലേക്ക് കഴിക്കാനിട്ടു തരുന്ന ഒരുഗ്രൻ വിഭവം പോലെയാണ് അല്ലെങ്കിൽ അത് തന്നെയാണ് രഞ്ജിത് ഫിലിപ്പിന്റെ( Renjith Philip ) ബംഗ്ലാദേശ് കുറിപ്പുകൾ.
ക്രിക്കറ്റ് കളിയിൽ മാത്രം ബംഗ്ലാദേശിനെ പരിചയമുള്ളതിനാലാവണം അപരിചിതമായ ഒരു യാത്രയുടെ അമ്പരപ്പും പുതുമയും എല്ലാം നിറഞ്ഞു നിന്ന വായനയായിരുന്നു ഈ പുസ്തകം ഉടനീളം സമ്മാനിച്ചത്. വലിച്ചു നീട്ടാതെ പ്രസക്തമായ സംഭവങ്ങളെല്ലാം സുന്ദരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. നിറഞ്ഞൊഴുകുന്ന ബംഗ്ലാ നദികളിലൂടെ നമ്മളെയും വഹിച്ചു കുതിച്ചു പായുന്ന പാഡിൽ സ്റ്റീമർ ആകുന്നുണ്ട് യാത്രികൻ പലപ്പോഴും. കാഴ്ചകളും അനുഭവങ്ങളുമെല്ലാം നമ്മെ ത്രില്ലടിപ്പിക്കും. യാത്രയിൽ പരിചയപ്പെട്ട സുനീതിനെയും ഗണേഷിനെയും തുഷാറിനെയും കുറിച്ചെല്ലാം പറയുമ്പോൾ, മേഘ്ന, പത്മ നദിയിലൂടെ ഒഴുകുമ്പോൾ എല്ലാം ആ നാട്ടിലേക്ക് യാത്ര പോയിട്ടില്ലല്ലോ എന്ന നഷ്ടബോധം നമ്മെ പിടിമുറുക്കും. ഓരോ നഗരങ്ങളിലെത്തുമ്പോഴും അവിടെത്തെ രാഷ്ട്രീയ സാംസ്കാരിക ചരിത്ര സംഭവ വികാസങ്ങൾ കൂടെ നമ്മളിലേക്ക് എത്തിക്കുന്നു എന്നത് ഈ കുറിപ്പുകളെ കൂടുതൽ ആഴമുള്ളതാക്കുന്നു.
യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഈ ബുക്ക് നഷ്ടമാകില്ല എന്ന് നിസംശയം പറയാം. യാത്ര അനുഭവങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച്, അതിലെ സന്ദർഭങ്ങളെക്കുറിച്ച് എത്ര പറഞ്ഞിട്ടും കാര്യമില്ല, അത് വായിച്ച് തന്നെ അനുഭവിക്കേണ്ട ഒന്നാണ് – Vibin Chaliyappuram