ബോന്‍ജൂര്‍
പാരിസ്
കമാല്‍ വരദൂര്‍
ലോകത്തിന് മുന്നിലെ വിസ്മയ ഗോപുരമാണ് ഈഫല്‍ ടവര്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വാസ്തുശില്പകലാവിസ്മയം. പാരീസ് എന്നു കേട്ടാല്‍ ലോകത്തിനത് ഈഫല്‍ ടവറാണെങ്കില്‍ പാരീസ് നഗര പ്രാന്തം നിറയെ അത്ഭുതങ്ങളാണ്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് എന്ന ചക്രവര്‍ത്തിയുടെ മ്യൂസിയം, മഹത്തായ ഫ്രഞ്ച് വിപ്ലവാവശിഷ്ടങ്ങളായ നിത്യ സ്മാരകങ്ങള്‍, ലൂയി പതിനാലാമന്‍ എന്ന ഏകാധിപതിയുടെ വേഴ്സായി കൊട്ടാരം, ലൂര്‍ എന്ന മഹനീയ ചരിത്ര മ്യൂസിയം, ഗ്രാന്‍ഡ് മോസ്‌ക്, ഫ്രഞ്ച് ബസലിക്ക… തുടങ്ങിയ കാഴ്ചകളുടെ വിസ്മയ ലോകമാണ് കമാല്‍ വരദൂര്‍ എന്ന സഞ്ചാരിയുടെ ഈ ഗ്രന്ഥം. – പി.ആര്‍. ശ്രീജേഷ്
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
Author: Kamal Varadoor
Shipping: Free
പാരീസ് എന്ന അത്ഭുത ലോകം
കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന രാജ്യനാമമാണ് ഫ്രാന്‍സ്. പഠന കാലത്ത് ആ പേര് കൂടുതലായി കേള്‍ക്കാന്‍ തുടങ്ങി. ചരിത്രം ഐഛിക വിഷയമായി പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രഞ്ച് ചരിത്രം മുഖ്യവിഷയമാക്കി. അന്ന് മുതലുള്ള വലിയ ആഗ്രഹമായിരുന്നു ആ രാജ്യവും തലസ്ഥാന നഗരിയായ പാരീസും കാണണമെന്ന്. 2024 ജൂലൈ 24ന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. പാരീസ് നഗരത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ചാള്‍സ് ഡി ഗുലേയില്‍ (സി.ഡി.ജി) ഇറങ്ങിയത് മുതല്‍ 21 നാള്‍ അത്ഭുത കാഴ്ച്ചകളായിരുന്നു മുന്നില്‍. എങ്ങും എവിടെയും ചരിത്ര സത്യങ്ങള്‍ പുഞ്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ സുന്ദര ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലേക്ക് അറിയാതെ ഇതിഹാസങ്ങള്‍ കടന്ന് വരും. ചരിത്രം പഠിച്ചവര്‍ക്ക് ഫ്രാന്‍സ് എന്നും വലിയ പാഠമായിരുന്നു. നമ്മള്‍ ബ്രീട്ടിഷുകാര്‍ക്ക് മുന്നില്‍ ദീര്‍ഘകാലം തല താഴ്ത്തിയെങ്കില്‍ ഫ്രഞ്ച് സാമ്രാജ്യത്വം അതേ കരുത്തില്‍ യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ജനങ്ങളെ അടക്കിഭരിച്ചിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് എന്ന ഭരണാധികാരി ലോക ചരിത്രത്തിലെ കേന്ദ്ര കഥാപാത്രമാണെങ്കില്‍ ബൂര്‍ബൂണ്‍ രാജവംശത്തിലെ ലൂയി പതിനാലാമന്‍ ഏകാധിപത്യത്തിന്റെ ചരിത്ര തെളിവായിരുന്നു. ഇവരെല്ലാം ഇപ്പോഴും ഫ്രാന്‍സിലുണ്ട്. വര്‍ഷങ്ങളുടെ കാലപ്പഴക്കത്തിലും ഇന്നലെകളുടെ സുന്ദരമായ സ്മരണകളിലുടെ സഞ്ചരിക്കാം. നമ്മള്‍ പുസ്തകങ്ങളിലുടെ ചരിത്രത്തെ പഠിക്കുമ്പോള്‍ ഫ്രാന്‍സിലെ പുതിയ സമുഹം ഭാഗ്യവാന്മാരാണ്. അവര്‍ക്ക് ചരിത്ര കഥാപാത്രങ്ങളുടെ വാസസ്ഥലങ്ങളിലുടെ അവരുടെ കാലഘട്ടത്തിലുടെ ലൈവായി സഞ്ചരിക്കാം.
പാരീസ് മഹാനഗരമെന്നാല്‍ അത് ഈഫല്‍ ടവറാണ്. നഗര സഞ്ചാരത്തില്‍ എപ്പോഴും ആ വലിയ ടവറിനെ കാണാം. സെന്‍ നദിയുടെ ഓരത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്ര വിസ്മയത്തെ കാണുമ്പോള്‍ തന്നെ അറിയാതെ എല്ലാവരും തല ഉയര്‍ത്തും. ഈഫല്‍ ചരിത്രം അറിയാത്തവരുണ്ടാവില്ല. ലോകാല്‍ഭുതങ്ങളില്‍ ഒന്നായി എന്തുകൊണ്ടാണ് അത് മാറുന്നതെന്ന് അറിയണമെങ്കില്‍ ആ ഓരത്ത് എത്തിയാല്‍ മതി. ദുബൈയിലെ ബിര്‍ജ് ഖലീഫ ഉള്‍പ്പെടെ ലോകത്തിന് മുന്നില്‍ ഇന്ന് അത്യാകര്‍ഷക നിര്‍മിതികള്‍ പലതാണ്. പക്ഷേ ഈഫലിലേക്ക് വരുമ്പോള്‍ അറിയാതെ വരുന്ന ആകര്‍ഷണ ഘടകം അതിന്റെ നിര്‍മിതിയാണ്. 1887 ല്‍ ഗുസ്റ്റാവ് ഈഫല്‍ നിര്‍മിക്കാന്‍ തുടങ്ങിയ ടവര്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തികരിച്ചാതായാണ് രേഖകള്‍. ഫ്രഞ്ച് വിപ്ലവത്തിന്റെ 100 വര്‍ഷം ആഘോഷിക്കാന്‍ നടത്തിയ തീരുമാനത്തിന് ശേഷം വിപ്ലവത്തിന് ചരിത്ര സ്മാരകം വേണമെന്ന നിര്‍ദ്ദേശം വരുന്നു. വലിയ നിര്‍മിതി തന്നെയായിരുന്നു ഭരണകൂടം നിര്‍ദ്ദേശിച്ചത്. അങ്ങനെ 100 ലധികം പ്ലാനുകള്‍ സമര്‍പ്പിക്കപ്പെടുന്നു. ഇതില്‍ നിന്നുമാണ് എഞ്ചിനിയറായ ഈഫലിന്റെ പ്ലാന്‍ അംഗീകരിക്കപ്പെട്ടത്. മുന്നൂറ് മീറ്ററിലധികം ഉയരത്തില്‍ ഇരുമ്പില്‍ തീര്‍ത്ത വിപ്ലവമായിരുന്നു ടവര്‍. റോമിലെ സെന്റ് പീറ്റേഴ്സ് ടവര്‍, ഗിസയിലെ ഗ്രെയിറ്റ് പിരമിഡ് തുടങ്ങി അതേ കാലയളവില്‍ വലിയ സൗധങ്ങള്‍ പലതും നിര്‍മിക്കപ്പെട്ടെങ്കില്‍ ഈഫലിലേക്ക് വരുമ്പോള്‍ കാണുന്ന വലിയ മാറ്റമെന്നത് ടവര്‍ എല്ലാവര്‍ക്കും അതിന്റെ ഉയരത്തില്‍ കാണാമെന്നതാണ്. രണ്ട് തവണ അതിന്റെ ഉയരത്തില്‍ കയറി. ഉയരത്തിലെത്താന്‍ ടിക്കറ്റ് എടുക്കണം. അല്‍പ്പം വലിയ ക്യുവില്‍ കാത്തിരിക്കണം. അല്‍പ്പമധികം ധൈര്യം വേണം. ചെറിയ ലിഫ്റ്റില്‍ സുന്ദരമായി കയറുമ്പോള്‍ പാരീസ് നഗരത്തിന്റെ സൗന്ദര്യത്തേക്കാള്‍ ഹഠാധാകര്‍ഷിക്കുക ആ നിര്‍മിതിയുടെ സൗന്ദര്യം തന്നെയാണ്.
യാത്രയെന്നത് പാരീസ് നഗരത്തില്‍ ഒരു വിഷയമല്ല. സത്യത്തില്‍ ആ ഗതാഗത സംവിധാനത്തില്‍ നമ്മള്‍ അല്‍ഭുത പരതന്ത്രരാവും. മെട്രോ സംവിധാനമാണ് കരുത്തുറ്റത്. വലിയ നഗരത്തിന്റെ ഏത് മുക്കിലേക്കും ട്രെയിന്‍. ബസ്സുകള്‍ എല്ലായിടത്തും. ട്രാമുകള്‍ നിറയെ. പൊതു ഗതാഗത സംവിധാനം ഇത്തരത്തില്‍ അതിവിപുലവും അനായാസായവുമായി കണ്ടത് പാരീസിലാണ്. നഗരത്തിലെത്തുന്നവര്‍ ആദ്യം ചെയ്യുന്നത് ട്രാവല്‍ കാര്‍ഡ് എടുക്കലാണ്. അതെടുത്താല്‍ നിങ്ങള്‍ക്ക് മെട്രോ ട്രെയിന്‍ മാത്രമല്ല ബസിലും ട്രാമിലും അനായാസം സഞ്ചരിക്കാം. ജലഗതാഗതവും റെഡി. ബോട്ടുകളും കപ്പലുകളുമെല്ലാം. പാരീസ് നഗരമെന്നത് അതിവിശാലമാണ്. പാരിസിന് മുപ്പതിലധികം പാര്‍ശ്വങ്ങള്‍. അതിവിപുലമായ റോഡുകള്‍. മെട്രോ സര്‍വീസുകള്‍ക്ക് രണ്ട് നൂറ്റാണ്ടിന്റെ കാലപ്പഴക്കമാണ് പറയപ്പെടുന്നത്. എല്ലാം ഭൂഗര്‍ഭ ട്രാക്കുകളാണ്. നിലവില്‍ പതിനാല് ട്രാക്കുകളിലായി കൊച്ചു ട്രെയിനുകള്‍ കുതിക്കുന്നു. നിങ്ങള്‍ സ്റ്റേഷനില്‍ വലിയ കാത്തിരിപ്പ് നടത്തേണ്ടതില്ല. അഞ്ച് മിനുട്ടിനകം എല്ലാ ട്രാക്കിലും ട്രെയിനുകള്‍. ഒരു സ്റ്റേഷനിലിറങ്ങി അടുത്ത കേന്ദ്രത്തിലേക്ക് പോവാന്‍ ട്രാക്ക് മാറുന്ന സമയം മാത്രം മതി. നിങ്ങളെ കാത്ത് അടുത്ത മെട്രോ റെഡി. റോഡില്‍ വലിയ ഗതാഗത തടസമില്ലാത്തിന് പ്രധാന കാരണം മെട്രോ സര്‍വീസാണ്. ട്രാമുകള്‍ സുന്ദരമായി ഓടുന്നു. 24 മണിക്കുറും ബസുകളും.
വളരെ ആക്ടീവാണ് ഫ്രഞ്ച് ജനത. ശരാശരി 60 കഴിഞ്ഞാല്‍ നമ്മുടെ അവസ്ഥ എന്താണ്..? ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍ തുടങ്ങിയ സ്ഥിരക്കാര്‍ക്കൊപ്പം വീട്ടിലോ, ആശുപത്രിയിലോ കഴിയുന്ന മലയാള വാര്‍ധക്യം ഒന്ന് പാരീസിലേക്ക് നോക്കുക. അവിടെ 60 പ്ലസാണ് ലൈവ്. ബസില്‍ കയറിയാല്‍ നിറയെ പ്രായം ചെന്നവരെയാണ് കാണുക. 100 കഴിഞ്ഞവര്‍ പോലും ട്രാവല്‍ കാര്‍ഡുമായി കയറുന്ന ഡ്രൈവര്‍ക്ക് അരികിലുള്ള ക്യൂ.ആര്‍ കോഡില്‍ സൈ്വപ് ചെയ്യുന്നു, സുഖമായി യാത്ര ചെയ്യുന്നു. മെട്രോയിലും ട്രാമിലുമെല്ലാം ഇതേ കാഴ്ച്ചകള്‍. ഇനി കച്ചവടസ്ഥലങ്ങളിലേക്ക് പോവുക. അവിടെയും ഇവരാണ് ലൈവ്. സര്‍ക്കാര്‍ തലത്തില്‍ പ്രായം ചെന്നവര്‍ക്ക് എല്ലാ സഹായങ്ങളുമുണ്ട്. ആരോഗ്യകാര്യത്തില്‍ പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ. വരുമാനത്തിന് അനുസരിച്ച് എല്ലാവര്‍ക്കും പെന്‍ഷന്‍. എവിടെയും പോയി ക്യു നില്‍ക്കേണ്ടതില്ല.
ഫ്രഞ്ചുകാര്‍ക്ക് താല്‍പ്പര്യം സ്വന്തം കാര്‍ഷിക വിഭവങ്ങളോടാണ്. വലിയ ഭക്ഷണതല്‍പ്പരരല്ല. പ്രാതല്‍ എന്നത് എല്ലാവര്‍ക്കും ചടങ്ങ് മാത്രം. ഒരു കോഫി. ബഗറ്റേ എന്ന നീളന്‍ ബ്രെഡിനൊപ്പം അല്‍പ്പം ചീസും ചേര്‍ത്ത് കൈവശം കരുതും. അത് യാത്രയില്‍ കഴിക്കും. മെട്രോയിലിരുന്ന് കഴിക്കും. ഹോട്ടല്‍ സംസ്‌ക്കാരത്തിന് ആരും രാവിലെ നില്‍ക്കില്ല. ഉച്ചഭക്ഷണമാണ് ചടങ്ങ്. ഒരു മണിക്കൂര്‍ ദിര്‍ഘിക്കുന്ന അതിവിശാല പ്രക്രിയ. വിടുകളില്‍ കഴിയുന്നവര്‍ 12 മണിക്ക് തന്നെ ലഞ്ച് തുടങ്ങും. ആദ്യം സൂപ്പ് പോലുള്ള സ്റ്റാര്‍ട്ടര്‍. പിന്നെ ചിക്കണ്‍, മട്ടണ്‍, ബീഫ്, പോര്‍ക്ക് തുടങ്ങിയവ ഹാഫ് വേവില്‍ കഴിക്കും, കുട്ടിന് മില്ലറ്റുകളാണ് ധാരാളം. പപ്പടം, റൊട്ടി എന്നിവക്കും ഇടമുണ്ട്. നമ്മളെ പോലെ അഞ്ച് മിനുട്ടില്‍ ലഞ്ച് പൂര്‍ത്തിയാക്കി വിശ്രമിക്കില്ല. സമയമെടുത്ത് സംസാരിച്ച്, കുശലങ്ങള്‍ പങ്ക് വെച്ച് വളരെ പതുക്കെ പൂര്‍ത്തികരിക്കുന്ന ഭക്ഷണ രീതി. വൈകുന്നേരം ചായ പരിപാടി കുറവാണ്. ഡിന്നര്‍ എന്നാല്‍ വൈനോ, ജ്യൂസോ വല്ലതും. സ്വന്തം കൃഷി രീതികളെയാണ് നന്നായി പ്രോല്‍സാഹിപ്പിക്കുന്നത്. പാരീസ് നഗരം വിട് ഗ്രാമങ്ങളിലേക്ക് പോയാല്‍ വിശാലമായ കൃഷിയിടങ്ങള്‍. എല്ലാതരം കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലഭ്യം. മല്‍സ്യസമ്പത്തിലും ഫ്രാന്‍സ് മുമ്പന്മാരാണ്.
വായനാശീലത്തില്‍ ഫ്രഞ്ചുകാരെ തോല്‍പ്പിക്കാന്‍ ഇംഗ്ലീഷുകാര്‍ക്കുമാവില്ല. ഫ്രഞ്ച് വിപ്ലവ കാലമെന്നത് ധൈഷണിക കാലമാണ്. വോള്‍ട്ടയറും റുസോയും മൊണ്ടസ്‌ക്യുവും നിറഞ്ഞ നാട്. എവിടെയും വിപ്ലവ മുദ്രാവാക്യങ്ങളായ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും. വിപ്ലവാനന്തര ഫ്രാന്‍സ് നവോത്ഥാനമായിരുന്നു. ആ ശക്തി പുതുതലമുറക്കുമുണ്ട്. യാത്രയില്‍ ഫ്രഞ്ചുകാരുടെ ബാഗില്‍ പുസ്തകങ്ങളുണ്ടാവും. നഗരങ്ങളിലും ഗ്രാമങ്ങളിലും ലൈബ്രറികള്‍ അനവധി. ബസ് സ്റ്റോപ്പുകള്‍ക്ക് അരികില്‍ മിനി ലൈബ്രറികളുണ്ട്. പുസ്തകം നിങ്ങള്‍ക്ക് രജിസ്ട്രര്‍ ചെയ്ത് എടുക്കാം. വായനക്ക് ശേഷം തിരികെ വെക്കണം.
എല്ലാ വീടുകളിലും സൈക്കിള്‍, തെരുവുകളില്‍ സൈക്കിള്‍, മെട്രോ സ്റ്റേഷന് സമീപം സൈക്കിള്‍, ബസ് സ്റ്റേഷനോട് ചേര്‍ന്ന് സൈക്കിള്‍പാരീസും ഫ്രാന്‍സും മൊത്തം സൈക്കിള്‍ മയമാണ്. ഇലക്ട്രോണിക് സൈക്കിളുണ്ട്, ബാറ്ററി സൈക്കിളുണ്ട്, സാധാരണ പെഡല്‍ സൈക്കിളുണ്ട്. നിങ്ങളുടെ മൊബൈല്‍ ഫോണിലെ ആപ്പിലുടെ സൈക്കിള്‍ സവാരി രജിസ്ട്രര്‍ ചെയ്യാം. ഒരു മെട്രോ സ്റ്റേഷനിലിറങ്ങി അരികില്‍ പോവാനുണ്ടെങ്കില്‍ സൈക്കിള്‍ ബേയില്‍ നിന്നും സൈക്കിള്‍ എടുക്കാം. നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താം. അവിടെ സൈക്കിള്‍ ലോക്ക് ചെയ്യാം. സൈക്കിള്‍ സംവിധാനത്തിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യം. അന്തരീക്ഷത്തെ മലിനമാക്കാതിരിക്കാം. ആരോഗ്യ പരിപാലനുമാവാം.
തിരക്കാണല്ലോ ജീവിതം. എല്ലാവര്‍ക്കും എത്രയും വേഗം ലക്ഷ്യങ്ങള്‍ നേടണം. എവിടെയും ആരും ക്യു നില്‍ക്കില്ല. എന്നാല്‍ പാരീസില്‍ പലയിടത്തും വലിയ ക്യു കണ്ടപ്പോള്‍ കരുതിയത് ഇവര്‍ ടിക്കറ്റിനായി വരി നില്‍ക്കുന്നവരാണെന്നാണ്. എന്നാല്‍ അത് ടോയ്ലറ്റ് ക്യൂവായിരുന്നു. ഒന്നിന്ന് പോവാന്‍ ഇത്രയും ശാന്തമായി ക്യു പാലിക്കുന്നവരെ എവിടെ കാണും. കടകളില്‍, ബാങ്കുകളില്‍, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ എല്ലാം അച്ചടക്കത്തോടെയുള്ള വരിനില്‍ക്കല്‍. പക്ഷേ ഇലക്ട്രോണിക്സ് കാലഘട്ടത്തില്‍ എല്ലാം ഇ-സംവിധാനമായതിനാല്‍ സ്വന്തം ഫോണിലുടെ തന്നെ ക്രയവിക്രയം ചെയ്യുന്നവരാണ് കൂടുതല്‍. ഇത്തരത്തില്‍ പാരീസില്‍ കണ്ട കാഴ്ച്ചകളുടെ വിവരമാണ് ഈ സഞ്ചാര ഗ്രന്ഥം. ഇതില്‍ ഫ്രാന്‍സിനെക്കുറിച്ചുള്ള സമഗ്ര ചിത്രമില്ല. നേരില്‍ കണ്ട മുഖങ്ങള്‍. അതില്‍ നിന്നും മാധ്യമ ഹൃദയത്തോടെ എഴുതുന്ന വരികള്‍. – കമാല്‍ വരദൂര്‍
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us