സ്‌കോട്ടിഷ് ദിനരാത്രങ്ങൾ
Author: Balakrishnan C.V
Language: MALAYALAM
നോവലിസ്റ്റിന്റെ യാത്രാഖ്യാനമാണിത്. വസ്തുനിഷ്ഠമായ വിവരണ കലയ്ക്കിടയിൽ ഏകാന്തമായ ചില വിചാരവേളകളിൽ നോവലിസ്റ്റ് പൊടുന്നനേ പ്രത്യക്ഷപ്പെടുന്നതു കാണാം. ‘നന്മതിന്മകൾ കെട്ടുപിണഞ്ഞ ദുരൂഹമായ
ഒരു മനസ്സുപോലെ മധുശാല’യെന്നും ‘ദൈവത്തിന് ഏറ്റവും വേണ്ടപ്പെട്ട രണ്ടുപേരെപ്പോലെ അവർ ബാഗ്പൈപ്പുകൾ വായിച്ചു’വെന്നും എഴുതുമ്പോൾ യാത്രികനൊപ്പം നോവലിസ്റ്റും നടക്കുന്നതു കാണാം. തലച്ചോറിലും വിരലറ്റങ്ങളിലും മഷിപ്പാടുകളുള്ള ആ ഭാവനാസഞ്ചാരിയാണ് കാവ്യാത്മകതയും ചടുലതയും ഒപ്പം സരളതയും പ്രകടിപ്പിക്കുന്ന ഭാഷയും ആഖ്യാനരീതിയും സ്‌കോട്ടിഷ് ദിനരാത്രങ്ങളിൽ സൃഷ്ടിക്കുന്നത്.
– പി.കെ. രാജശേഖരൻ
ചരിത്രമുറഞ്ഞുകിടക്കുന്ന കോട്ടകൾ, കൊട്ടാരങ്ങൾ, സ്മൃതികുടീരങ്ങൾ, സ്‌കോട്ടിഷ് സാഹിത്യത്തിലെ മഹാപ്രതിഭകളുടെ ഭവനങ്ങൾ, പുസ്തകശാലകൾ, മ്യൂസിയങ്ങൾ, തെരുവുകൾ, ഉദ്യാനങ്ങൾ, പള്ളികൾ, സെമിത്തരികൾ, ബാറുകൾ, മദ്യനിർമാണശാലകൾ… സ്‌കോട്ട്ലൻഡിന്റെ വർത്തമാനഭൂമികയിലൂടെയും ജീവിതത്തിലൂടെയുമുള്ള എഴുത്തുകാരന്റെ സഞ്ചാരം. ഒപ്പം, സ്‌കോട്ടിഷ് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആഴങ്ങളിലൂടെയുള്ള അന്വേഷണവും…
സി.വി. ബാലകൃഷ്ണൻറ സ്‌കോട്ട്ലൻഡ് യാത്രാപുസ്തകം
വീടിരുന്ന സ്ഥാനത്തിനു മുന്നിലായി ഷെർലക് ഹോംസിന്റെ ഒരു പ്രതിമയുണ്ട്, എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കാലപ്പഴക്കമേറിയ പ്രതിമകൾ കാണാവുന്ന എഡിൻബറയിലൂടെ അനശ്വരത്വം പ്രാപിച്ച ഒരു സാങ്കല്പികനായകന്റെ പ്രതിമയും തേടി നടക്കുകയെന്നത് കൗതുകകരമായ ഒരനുഭവമായി. എന്നെ ഒരു കണക്കിനു മുന്നോട്ടു നയിച്ചത് ഹോംസിന്റെ തന്നെ വാക്കുകളാണ്.
‘I only saw it because
I was looking for it’