ദീർഘമായ സംഭാഷണങ്ങളിൽനിന്ന് അദ്ദേഹം തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ അഭിമാനിച്ചിരുന്നതു രണ്ടു കാര്യങ്ങളിലാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് – ഒന്നാമത്തേത്, തന്റെ താള ബോധത്തെക്കുറിച്ചാണ്. പാട്ടു പാടുമ്പോൾ ഏതു ശ്രുതിയിലാണോ പാട്ട് ആ ശ്രുതിയിൽത്തന്നെ പാടിയേ അദ്ദേഹം അഭിനയിക്കാറുണ്ടായിരുന്നുള്ളൂ. കഴുത്തിലെ ഞരമ്പുകൾ കൃത്യമായി വലിഞ്ഞു മുറുകണമെങ്കിൽ അത് ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ‘ആരവം’ എന്ന ചിത്രം ആരംഭിക്കുന്ന മുക്കുറ്റി തിരുതാളി എന്ന ഗാന ചിത്രീകരണമാണ് ഇതിന്റെ ആദ്യത്തെ ഉദാഹരണം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ തനിക്ക് ആൾക്കൂട്ടത്തിൽ ലയിക്കാം എന്നതായിരുന്നു രണ്ടാമത്തെ കാര്യം. അതെക്കുറിച്ച് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ ഒരാൾക്ക് ആൾക്കൂട്ടത്തിൽ കടലിൽ ഉപ്പു പോലെ അലിഞ്ഞു ചേരാൻ കഴിയുന്നതും നടനസിദ്ധിയുടെ തെളിവാണെന്നു നാം വിശ്വസിച്ചുപോകും.