അദ്ദേഹം ‘ഫക്കീര്‍’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. കുടുംബവും സ്വത്തും ബാങ്ക്ബാലന്‍സുമില്ലാത്ത ഭിക്ഷാംദേഹി. പുനെയില്‍നിന്നും 110 കി.മീ. അകലെ അഹമ്മദ്‌നഗറില്‍ റലെഗാന്‍ സിദ്ധിഗ്രാമത്തിലുള്ള യാദവ്ബാബ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഒരു കൊച്ചുമുറിയിലാണദ്ദേഹം താമസിക്കുന്നത്. ഖാദിവസ്ത്രം മാത്രമെ ധരിക്കുകയുള്ളൂ. എന്നാല്‍ അണ്ണ ഹസാരെ എന്നു വിളിക്കപ്പെടുന്ന കിഷന്‍ ബാബുറാവു ഹസാരെ എന്ന എഴുപത്തൊന്നുകാരന്‍ പ്രക്ഷോഭമാരംഭിക്കുമ്പോള്‍ മുംബൈ മുതല്‍ ഡല്‍ഹി വരെയുള്ള ഓരോ നേതാവും താത്പര്യത്തോടും അദ്ഭുതത്തോടും കൂടി ശ്രദ്ധിക്കുന്നു. രാജ്യമെമ്പാടുമുള്ള സാധാരണജനങ്ങളെ സമരസജ്ജരാക്കാനും ഗവണ്‍മെന്റിനെ വിറപ്പിക്കാനും ശേഷിയുള്ള ഒരേ ഒരു വ്യക്തി ഹസാരെയാണെന്ന് അദ്ദേഹത്തെ കഠിനമായി വെറുക്കുന്ന വിമര്‍ശകരും രാഷ്ട്രീയക്കാരുപോലും അസൂയയോടെ സമ്മതിക്കുന്നു. ഹസാരെ പൊതുജീവിതമാരംഭിച്ച 1975 മുതല്ക്ക് താനേറ്റെടുത്ത അസംഖ്യം സമരങ്ങളിലും പ്രക്ഷോഭയാത്രകളിലും നിരാഹാരസമരങ്ങളിലും നിന്നുമായി നിരവധി മര്‍ദനങ്ങള്‍ അദ്ദേഹത്തിന്റെ കുറിയ ദുര്‍ബല ശരീരം ഏറ്റുവാങ്ങിയിട്ടുണ്ട്. 2002-ല്‍ അദ്ദേഹത്തിന് അമ്മയെ നഷ്ടമായി. വിവാഹിതരായ രണ്ടു സഹോദരിമാര്‍; ഒരാള്‍ മുംബൈയിലും മറ്റെയാള്‍ സംഗാമ്‌നിറിലും. തങ്ങളുടെ ‘ശാഠ്യക്കാരനായ സഹോദരന്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമ്പോഴെല്ലാം’ അവര്‍ വേവലാതിപ്പെടുന്നു.
അദ്ദേഹം ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ വിചാരിച്ചതാണ്. സ്വന്തം ജീവിതം അവസാനിപ്പിക്കാനാശിക്കുന്നതെന്തിന് എന്നതിനെപ്പറ്റി രണ്ടുപേജു വരുന്ന ഒരുപന്യാസം എഴുതുകപോലും ചെയ്തു. സാഹചര്യങ്ങളാലല്ല അണ്ണ ഹസാരെ അത്തരമൊരു നിര്‍ണായകസ്ഥിതിയിലെത്തിപ്പെട്ടത്. ജീവിതനൈരാശ്യവും മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യം വേണമെന്ന തോന്നലുമാണ് ജീവിതം അവസാനിപ്പിക്കണമെന്നു ചിന്തിക്കാന്‍ കാരണം. അതിങ്ങനെയാണ്: ഒരു ദിവസം ന്യൂഡല്‍ഹി റെയില്‍വെസ്റ്റേഷനില്‍ വെച്ച് സ്വാമി വിവേകാനന്ദന്റെ ഒരു പുസ്തകം അദ്ദേഹം യാദൃച്ഛികമായി കാണാനിടവന്നു. വിവേകാനന്ദന്റെ ചിത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹം ആ പുസ്തകം പ്രമാണമായി കരുതി വായിച്ച് തനിക്കുള്ള ഉത്തരം കണ്ടെത്തി-തന്റെ ജീവിതലക്ഷ്യം സഹചരന്മാരുടെ സേവനം ആണത്രെ.
ഇന്ന് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ മുഖമാണ് അണ്ണ ഹസാരെ. ആ പോരാട്ടത്തെ അദ്ദേഹം അധികാരത്തിന്റെ ഇടനാഴികളിലേക്കു നയിക്കുകയും ഗവണ്‍മെന്റിനെ പരമാവധി വെല്ലുവിളിച്ചു ബുദ്ധിമുട്ടിക്കുകയും ചെയ്തു. സാധാരണക്കാരും പ്രശസ്ത വ്യക്തികളുമുള്‍പ്പെടെയുള്ള ജനങ്ങള്‍ അദ്ദേഹത്തിന് ഒരേപോലെ പിന്തുണയേകി. നൂറുകണക്കില്‍നിന്നും ആയിരക്കണക്കില്‍ എന്ന നിലയിലേക്ക് അവരുടെ എണ്ണം പെരുകി.- അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ മുഖം അണ്ണ ഹസാരെയുടെ ജീവചരിത്രം.
തയ്യാറാക്കിയിരിക്കുന്നത് :പ്രദീപ് താക്കൂര്‍ ,പൂജ റാണ
പരിഭാഷ:എന്‍. ശ്രീകുമാര്‍
ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ള അഴിമതിയുയര്‍ത്തുന്ന വെല്ലുവിളികളെയും അണ്ണ ഹസാരെ നേതൃത്വം നല്കുന്ന പൗരസമൂഹം നടത്തുന്ന പോരാട്ടങ്ങളെയും നോക്കിക്കാണാനുള്ള ഒരു ജനാല.
Original price was: ₹85.00.₹68.00Current price is: ₹68.00.