Shopping cart

Sale!

പാവങ്ങള്‍ വോള്യം 1, വോള്യം 2

Category:

മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചുപറയും: ‘എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്.’- വിക്തോര്‍ യൂഗോ

എല്ലാവര്‍ക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങള്‍. വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യന്‍ നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകള്‍ അന്നത്തിനായി വില്ക്കപ്പെടുന്നിടത്ത്, കുട്ടികള്‍ തണുപ്പുമാറ്റാന്‍ വകയില്ലാതെ യാതന അനുഭവിക്കുന്നിടത്ത് – എല്ലാം പാവങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. വിക്തോര്‍ യൂഗോ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച വിവര്‍ത്തനമാണിത്; മലയാള ഭാവുകത്വത്തെയും ഭാഷാശൈലിയെയും മാറ്റിമറിച്ച വിവര്‍ത്തനസംരംഭം. 1925-ല്‍ ആദ്യ പതിപ്പായി മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പാവങ്ങളുടെ ഏറ്റവും പുതിയ ഈ പതിപ്പ് ഭാഷയിലും ശൈലിയിലും മാറ്റമേതും വരുത്താതെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

Original price was: ₹1,700.00.Current price is: ₹1,360.00.

Buy Now

വിക്തോര്‍ യൂഗോ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ചു സാഹിത്യത്തിലെ ഏറ്റവും സമുന്നതനും ശക്തനുമായ എഴുത്തുകാരന്‍. കവി, നാടകകൃത്ത്, നോവലിസ്റ്റ്, നിരൂപകന്‍, ചിത്രകാരന്‍, രാജ്യതന്ത്രജ്ഞന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, ഫ്രാന്‍സിലെ റൊമാന്റിക് പ്രസ്ഥാനത്തിന്റെ പ്രയോക്താവ്. 1802 ഫിബ്രവരി 26-ന് ഫ്രാന്‍സിലെ ബെസാന്‍സോണില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് നെപ്പോളിയന് കീഴിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ (പിന്നീട് ജനറലായി) സൈന്യസ്ഥാനങ്ങള്‍ അനുസരിച്ച് കോഴ്‌സിക്കാ, എല്‍ബ, പാരിസ്, നേപ്പിള്‍സ്, മാദ്രീദ് എന്നിവിടങ്ങ ളിലായിരുന്നു പത്താം വയസ്സുവരെ ജീവിച്ചത്. 1812-ല്‍ മാതാപിതാക്കളുടെ വേര്‍പിരിയലോടെ തുടര്‍ന്നുള്ള കുട്ടിക്കാലം അമ്മയുടെയും സഹോദരങ്ങളുടെയുമൊപ്പം പാരിസിലായിരുന്നു. ചെറുപ്പം മുതലേ സാഹിത്യാഭിലാഷങ്ങള്‍ ശക്തമായിരുന്നു; പതിനേഴാം വയസ്സില്‍ സഹോദരനോടൊപ്പം ചേര്‍ന്ന് ഒരു സാഹിത്യമാസിക തുടങ്ങിയിരുന്നു. 1822-ല്‍ ബാല്യകാലസഖിയായ അദേല്‍ ഫൂഷെറിനെ വിവാഹം ചെയ്തു; അമ്മയുടെ എതിര്‍പ്പുകാരണം അവരുടെ മരണശേഷമായിരുന്നു വിവാഹം. അതേ വര്‍ഷം തന്നെയായിരുന്നു ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതും. ലൂയി പതിനെട്ടാമന്‍ രാജാവിന് അതിഷ്ടപ്പെടുകയും അദ്ദേഹത്തില്‍നിന്ന് യൂഗോ ചെറിയ സ്‌റ്റൈപെന്‍ഡ് നേടുകയും ചെയ്തു. അടുത്ത വര്‍ഷം പ്രസിദ്ധീകരിച്ച ഹാന്‍ ഓഫ് ഐസ്‌ലാന്‍ഡ് എന്ന നോവലും ഇതേ സ്‌റ്റൈപെന്‍ഡ് നേടുകയുണ്ടായി. ആദ്യകാല കവിതകളിലെ നൂതനത്വം സാമ്പ്രദായിക ഫ്രഞ്ച് പദ്യനിര്‍മാണരീതികളെ തകിടം മറിച്ചു. 1827-ല്‍ പ്രസിദ്ധീകരിച്ച ക്രോംവെല്‍ എന്ന നാടകത്തിനെഴുതിയ മുഖവുര റൊമാന്റിക് പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ ആയിത്തീര്‍ന്നു. പരമ്പരാഗത നാടകരീതികളില്‍നിന്നും വഴിമാറി സഞ്ചരിച്ച ഹെര്‍ണാനിയുടെ (1830) ആദ്യ പ്രദര്‍ശനം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. 1826-43 കാലം എഴുത്തിന്റെ സമ്പന്നസമയമായിരുന്നു: എട്ടു വോള്യം കവിതകള്‍; ദ് ലാസ്റ്റ് ഡേ ഓഫ് എ കണ്ടെംഡ് മാന്‍ (1829), ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം (1831) അടക്കം നാല് നോവലുകള്‍; പത്തു നാടകങ്ങള്‍; ധാരാളം നിരൂപണപ്രബന്ധങ്ങള്‍. 1841-ല്‍ യൂഗോ ഫ്രഞ്ച് ഭാഷയുടെ പരമോന്നത സംഘടനയായ ഫ്രഞ്ച് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തിനുശേഷമുണ്ടായ മകളുടെയും ഭര്‍ത്താവിന്റെയും മരണം അദ്ദേഹത്തെ ആകെ തകര്‍ത്തുകളഞ്ഞു. സാഹിത്യജീവിതത്തിലെ ഒന്നാംഘട്ടം ഇവിടെ അവസാനിച്ചു. പിന്നെ രാഷ്ട്രീയത്തിലായി പ്രധാന ശ്രദ്ധ. ചെറുപ്പത്തില്‍ രാജവാഴ്ചയുടെ ആരാധകനായിരുന്നെങ്കിലും 1830-ലെ ഫ്രഞ്ച് (ജൂലായ്) വിപ്ലവത്തിനുശേഷം ലിബറല്‍ ആശയങ്ങളില്‍ ആകൃഷ്ടനാവുകയായിരുന്നു അദ്ദേഹം. കലയിലും സമൂഹത്തിലും സ്വാതന്ത്ര്യം നേടുകയായിരുന്നു പ്രധാനലക്ഷ്യം. 1848-ലെ വിപ്ലവത്തിനുശേഷം റിപ്പബ്ലിക്കനായി നാഷണല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ വോട്ടവകാശത്തിനും സൗജന്യവിദ്യാഭ്യാസത്തിനും വധശിക്ഷയ്‌ക്കെതിരെയും അദ്ദേഹം ശക്തമായി വാദിച്ചു. തുടക്കത്തില്‍ നെപ്പോളിയന്‍ മൂന്നാമനെ പിന്‍താങ്ങിയെങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ ഏകാധിപത്യത്തിലേക്കുള്ള മാറ്റത്തെ യൂഗോ തള്ളിപ്പറഞ്ഞു. 1851-ല്‍ ലൂയി-നെപ്പോ ളിയന്‍ അധികാരം പൂര്‍ണമായി പിടിച്ചെടുത്തതോടെ യൂഗോ നാടുകടത്തപ്പെട്ടു. തുടര്‍ന്ന് ബ്രസ്സല്‍സിലും ജേഴ്‌സിയിലുമായി നാലുവര്‍ഷം താമസിച്ചു. നെപ്പോളിയന്റെ രണ്ടാം റിപ്പബ്ലിക്കിനെ നിശിതമായി വിമര്‍ശിക്കുന്ന നെപ്പോളിയന്‍ ദ് ലിറ്റില്‍, ചാസ്‌റ്റൈസ്‌മെന്‍സ്, ദ് സ്‌റ്റോറി ഓഫ് എ ക്രൈം എന്നീ കൃതികള്‍ എഴുതിയത് ഇക്കാലത്താണ്. 1855 മുതല്‍ 1870 വരെ ഇംഗ്ലീഷ് ചാനലിലെ ഗേര്‍ണ്‍സിയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യൂഗോയെ പലപ്പോഴായി സുഹൃത്തുക്കളും കാമുകിയായ ജൂലിയറ്റ് ദ്രൂവെയും സന്ദര്‍ശിച്ചു. ഈ സമയത്ത് ആത്മീയതയിലും പരേതാത്മാക്കളുമായുള്ള വിനിമയത്തിലും മറ്റും ധാരാളം പരീക്ഷണങ്ങള്‍ നടത്തി. തുടര്‍ന്നുള്ള കാലത്താണ് കവിതയിലെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന കണ്‍ടെംപ്ലേഷന്‍സ് (1856), ആത്മീയതയെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്ന ദ് എന്‍ഡ് ഓഫ് സേറ്റന്‍ (1886), ഗോഡ് (1891) തുടങ്ങിയ ദീര്‍ഘകാവ്യങ്ങള്‍ എഴുതുന്നത്. ഇതേ കാലയളവില്‍തന്നെയാണ് ലെ മിസെറാബ്ലെ (1862), ടോയിലേഴ്‌സ ഓഫ് ദ് സീ (1866), ദ് മാന്‍ ഹൂ ലാഫ്‌സ് (1869), നയന്റീ-ത്രി (1874) എന്നീ നോവലുകളും പ്രസിദ്ധീകരിക്കുന്നത്. 1868-ല്‍ ഭാര്യ മരിച്ചു. രണ്ടാം റിപ്പബ്ലിക്കിന്റെ വീഴ്ചയോടെ എഴുപതില്‍ അദ്ദേഹം ഫ്രാന്‍സില്‍ തിരിച്ചെത്തുകയും നാഷണല്‍ അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു; തുടര്‍ന്ന് സെനറ്റിലേക്കും. ഫ്രഞ്ചുകാര്‍ യൂഗോയ്ക്ക് ഒരു ദേശീയനായകന്റെ പരിവേഷം നല്കി. എണ്‍പത്തിമൂന്നാം വയസ്സില്‍, 1885 മെയ് 22-ന്, അദ്ദേഹം അന്തരിച്ചു. പാരിസിലെ പ്രസിദ്ധമായ പാന്തിയോണിലായിരുന്നു അടക്കം ചെയ്തത്. നാലപ്പാട്ട് നാരായണമേനോന്‍ കവി, ഗദ്യകാരന്‍, തത്ത്വചിന്തകന്‍, പരിഭാഷകന്‍. 1887 ഒക്ടോബര്‍ ഏഴിന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. നാലപ്പാട്ടിന്റെ പ്രശസ്തി ഇന്നു നിലനില്ക്കുന്നത് ലെ മിസെറാബ്ലെയുടെ പരിഭാഷയുടെയും കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യത്തിന്റെ രചനയിലൂടെയുമാണ്. കണ്ണുനീര്‍ത്തുള്ളി പ്രസിദ്ധീകരിക്കുന്നത് 1924-ലാണ്. തൊട്ടടുത്ത വര്‍ഷമാണ് തര്‍ജമയായ പാവങ്ങളുടെ പ്രകാശനം. 34-ാം വയസ്സില്‍ തുടങ്ങിയ പരിഭാഷ നാല് വര്‍ഷത്തെ പ്രയത്‌നമായിരുന്നു. പാവങ്ങളുടെ തര്‍ജമയിലൂടെ നാലപ്പാട്ട് നാരായണമേനോന്‍ മലയാള നോവല്‍ സാഹിത്യരംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചു. നൂതനമായ ഒരു ഗദ്യശൈലിക്ക് കാരണമായ ഈ കൃതി ഭാഷാശൈലിക്കെന്നപോലെ പുതിയ ചിന്താഗതിക്കും വഴിതുറന്നു. ഗദ്യകാരനെന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍ നിന്ന് സ്വാംശീകരിച്ച വിലപ്പെട്ട നിരീക്ഷണങ്ങളായ രതിസാമ്രാജ്യം (1937), പൗരാണിക ഭാരതീയ ദര്‍ശനങ്ങള്‍ വിശകലനം ചെയ്യുന്ന ആര്‍ഷജ്ഞാനം (1954) എന്നീ കൃതികള്‍ ശ്രദ്ധേയമാണ്. എഡ്‌വിന്‍ ആര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ (പൗരസ്ത്യദീപം), ഓസ്‌കര്‍ വൈല്‍ഡിന്റെ ‘ലേഡി വിന്‍ഡെര്‍മിയേഴ്‌സ് ഫാന്‍’ (വേശുവമ്മയുടെ വിശറി) എന്നിവയാണ് മറ്റു പ്രധാന പരിഭാഷകള്‍. സുലോചന (1914), പുളകാങ്കുരം (1928), ചക്രവാളം (1933) എന്നിവ സ്വതന്ത്രകൃതികളും. 1954 ഒക്ടോബര്‍ 31-ന് അന്തരിച്ചു.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.