പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള് ഈ പുസ്തകക്കുടുക്കയില് കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്ഥപൊക്കമറിയുവാന് ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.